നാൾക്കുനാൾ വളരുന്ന കൊച്ചിയെ അത്യാധുനിക വികസന കാഴ്ചപ്പാടോടെ സമഗ്ര നഗരമായി മാറ്റുന്നതിനായി പ്രോജക്ട്സ് 2050യുമായി കൊച്ചി കോർപറേഷൻ. ഇതിന്‍റെ ഭാഗമായി 30 വികസന പദ്ധതികളുടെ അവതരണവും വിശദീകരണവും കൗൺസിൽ യോഗത്തിൽ നടന്നു. അര്‍ബന്‍ ചലഞ്ച് ഫണ്ട് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ ലഭ്യമാക്കികൊണ്ട് നടപ്പാക്കുന്ന പദ്ധതികളിലൂടെ കൊച്ചിയുെട മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്ന് മേയർ വി.കെ. മിനിമോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1500കോടി രൂപയോളമാണ് ആകെ പദ്ധതികൾക്കായി ചെലവു പ്രതീക്ഷിക്കുന്നത്. പീപ്പിൾ, പ്ലേസസ്, പ്രോഗ്രസ്..എ ഗ്രേറ്റർ കൊച്ചി എന്ന ടാഗ് ലൈനോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കൗൺസിൽ യോഗത്തിൽ അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയ പദ്ധതി നിർദേശങ്ങൾ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സർക്കാർ അംഗീകരിക്കുന്ന പദ്ധതികളുടെ വിശദമായ ഡി.പി.ആർ തയ്യാറാക്കിയതിന് ശേഷം കേന്ദ്ര സർക്കാരിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കും. അർബൻ ചലഞ്ച് ഫണ്ട് എന്ന നിലയിൽ പദ്ധതിയുടെ മൊത്തം ചെലവിന്റെ 25 ശതമാനമായ 5000 കോടി രൂപയാണ് ലഭിക്കുക. ബാക്കി 75 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. മുനിസിപ്പൽ ബോണ്ടിലൂടെയാണ് ഈ തുക കണ്ടെത്തുകയെന്നും മേയർ വ്യക്തമാക്കി. കോർപറേഷന്‍റെ തനത് വരുമാനം വർധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മേയർ കൂട്ടിച്ചേർത്തു.
