വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സമഗ്ര വികസനം ആവശ്യപ്പെട്ട് ജനകീയ മാർച്ച്

വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സമഗ്ര വികസനം ആവശ്യപ്പെട്ട് ജനകീയ മാർച്ച്
വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനവും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് യാത്രക്കാരുടെ പങ്കാളിത്തത്തിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു.
ജനകീയ പ്രതികരണ വേദി, വൈക്കം റോഡ് റെയിൽവേ യൂസേഴ്സ് ഫോറം, ആപ്പാഞ്ചിറ പൗരസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കളിപ്പാട്ട ട്രെയിൻ വലിച്ചുകൊണ്ട് വേറിട്ട പ്രതിഷേധ മാർച്ച് നടത്തിയത്.
ആപ്പാഞ്ചിറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു. യാത്രക്കാരനായ ഷിജു സി. മാത്യു മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ജനകീയ പ്രതികരണ വേദി കോർഡിനേറ്റർ രാജു തെക്കേക്കാല, യൂസേഴ്സ് ഫോറം രക്ഷാധികാരി ഡോ. ആർ. വേണുഗോപാൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം മാത്രമല്ല, വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനമാണ് ജനകീയ മാർച്ചിന്റെ പ്രധാന ലക്ഷ്യം.
കോട്ടയം – എറണാകുളം റെയിൽവേ പാതയുടെ മധ്യഭാഗത്തും സംസ്ഥാന ഹൈവേയോട് ചേർന്നും സ്ഥിതി ചെയ്യുന്ന വൈക്കം റോഡ് സ്റ്റേഷൻ, വൈക്കം ക്ഷേത്രനഗരിയിലേക്കും കുറവിലങ്ങാട് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുമുള്ള പ്രധാന കവാടമായി മാറേണ്ടതുണ്ട്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പാലാ, രാമപുരം, ഉഴവൂർ, ഈരാറ്റുപേട്ട, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സ്റ്റേഷനാണിത്. എന്നാൽ ആവശ്യമായ യാത്രാ സൗകര്യങ്ങളും ട്രെയിൻ സ്റ്റോപ്പുകളും ലഭിക്കാത്തതിനാൽ സ്റ്റേഷന്റെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
വഞ്ചിനാട്, വേണാട്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പിറവം റോഡിലെ സ്റ്റോപ്പ് നിർത്തലാക്കിയ 16347 തിരുവനന്തപുരം – മംഗലാപുരം ട്രെയിനിന് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കുക, കോവിഡ് കാലത്ത് കോട്ടയം വരെ മാത്രമാക്കിയ കായംകുളം – എറണാകുളം മെമു സർവീസ് പുനരാരംഭിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
കൂടാതെ എറണാകുളം – വേളാങ്കണ്ണി ട്രെയിനിനും ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചാൽ അയ്യപ്പഭക്തർക്കും വലിയ പ്രയോജനമാകും. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ കടപ്പാട്ടൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി എരുമേലിയിലേക്ക് എത്തുന്നതിനുള്ള സൗകര്യപ്രദമായ ഇടത്താവളമായി വൈക്കം റോഡ് സ്റ്റേഷനെ മാറ്റാനാകുമെന്നും ഇതുവഴി കോട്ടയം റെയിൽവേ സ്റ്റേഷനിലെ തിരക്കും സ്ഥലപരിമിതിയും കുറയ്ക്കാൻ കഴിയുമെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനെ ഒരു മികച്ച യാത്രാ ഹബ്ബായും തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടമായും വികസിപ്പിക്കണമെന്നതാണ് ജനകീയ ആവശ്യത്തിന്റെ കാതൽ.
ജനങ്ങളുടെ യഥാർത്ഥ യാത്രാപ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായ പരിഹാരങ്ങൾ നടപ്പാക്കാൻ റെയിൽവേ അധികൃതരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ, സാമുദായിക, പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി നാടിന്റെ പൊതുഗതാഗത വികസനത്തിനായി എല്ലാവരും കൈകോർക്കണമെന്ന ആഹ്വാനത്തോടെയാണ് ജനകീയ മാർച്ച് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *