മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി. ഗ്യാനേഷ് കുമാറിനെതിരെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പ്രതീകാത്മക പരസ്യവിചാരണ നടത്തും. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകുന്ന ചടങ്ങില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രമേയം അവതരിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ മറുപടിക്ക് ശേഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രതീകാത്മക വിധി പ്രഖ്യാപിക്കാനാണ് നീക്കം.
അതേസമയം, നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വ്യാപാരികളുടെ കൂട്ടായ്മ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. ദീപാവലി സീസണില്‍ റാലി നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് റാലി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.
എന്നാല്‍ റാലി മാറ്റിവെക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യാ മുന്നണി. പത്ത് ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതുവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.
