കെ.എസ്.ഇ.ബിയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; അപേക്ഷ 31 വരെ

കെ.എസ്.ഇ.ബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശികക്കാർക്ക് വൻ പലിശയിളവുകളോടെ തുക അടച്ചുതീർക്കാൻ ഒക്ടോബർ 31 വരെ അപേക്ഷകൾ സ്വീകരിക്കും. 2024 ആഗസ്റ്റ് ഒന്നിന് മുമ്പ് ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുള്ളതും രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതുമായ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. വ്യവസ്ഥകൾക്ക് വിധേയമായി കുടിശ്ശിക തുകയുടെ പലിശനിരക്കിൽ വൻ ഇളവുകൾ ലഭിക്കും.

ഇളവ് ചെയ്ത പലിശ തുക ആറ് തുല്യ മാസത്തവണകളായി അടച്ചുതീർക്കാം. റവന്യു റിക്കവറി നടപടികൾ നേരിടുന്നവർക്കും വിവിധ കോടതികളുടെ പരിഗണനയിലുള്ള കേസുകളിലെ കക്ഷികൾക്കും ഈ പദ്ധതിയിലൂടെ കുടിശ്ശിക തീർപ്പാക്കാം. ഇത്തരം കേസുകളിൽ റവന്യൂ വകുപ്പിന്‍റെ സർചാർജും ഡിമാൻഡ് നോട്ടീസ് ചാർജുകളും ഉപഭോക്താവ് അധികമായി അടക്കണം.

കണക്ഷൻ വിച്ഛേദിക്കപ്പെട്ട കേസുകളിൽ വിച്ഛേദിച്ച തീയതി മുതൽ ആറു മാസം വരെയോ അല്ലെങ്കിൽ ലൈനുകൾ അഴിച്ചുമാറ്റിയ തീയതി വരെയോ ഉള്ള (ഏതാണോ കുറവ്) ഫിക്സഡ്/എം.ഡി ചാർജുകൾ മാത്രമേ ഈടാക്കൂ. ഇത്തരക്കാർ പുതിയ സർവിസിനായി പുതിയ അപേക്ഷ നൽകണം. വിവിധ ഘട്ടങ്ങളിലായി പ്രവർത്തനം നിന്നുപോയ വ്യവസായ സ്ഥാപനങ്ങൾക്കും പ്ലാന്‍റേഷനുകൾക്കും ഓരോ അടച്ചിടൽ കാലയളവിലും പരമാവധി ആറു മാസത്തെ ഫിക്സഡ്/എം.ഡി ചാർത്തുകൾ മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *