കൊച്ചി: കാലാവസ്ഥാ വ്യതിയാനവും സമുദ്രത്തിലെ മാറ്റങ്ങളും സംബന്ധിച്ച നിർണായക വിവരങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആർട്ടിക് ഗവേഷണ ദൗത്യത്തിൽ പങ്കാളിയായി കൊച്ചി ജെയിൻ സർവകലാശാലയിലെ അധ്യാപിക. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിച്ച 17-ാമത് ഇന്ത്യൻ ആർട്ടിക് ദൗത്യ സംഘത്തിനൊപ്പമായിരുന്നു മറൈൻ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. പി. ലക്ഷ്മി ദേവി പ്രവർത്തിച്ചത്. ഒരു മാസം നീണ്ടു നിന്ന ഗവേഷണം പൂർത്തിയാക്കിയ ഇവർ കൊച്ചിയിൽ മടങ്ങിയെത്തി.
നോർവീജിയൻ ആർട്ടിക്കിലെ ന്യ-ഓലെസുണ്ടിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ആർട്ടിക് ഗവേഷണ കേന്ദ്രമായ ഹിമാദ്രിയിലായിരുന്നു ഗവേഷണം. ലോകത്തിലെ തന്നെ ഏറ്റവും വടക്കേ അറ്റത്തുള്ള അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നാണിത്. കേരളത്തിന്റെ ഉഷ്ണമേഖലാ സമുദ്രതീരങ്ങളിൽ നിന്നുള്ള ഗവേഷണ പരിചയവുമായാണ് ഇവർ ആർട്ടിക്കിലെ മഞ്ഞുരുകുന്ന സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാനായി നോർവെയിൽ പോയത്.
ആർട്ടിക് മേഖലയിലെ കോങ്സ്‌ഫോർഡനിൽ ജെല്ലിഫിഷുകളുടെ ക്രമാതീതമായ പെരുകലിനെക്കുറിച്ചും അതിന് കാരണമാകുന്ന പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചുമാണ് ഡോ. ലക്ഷ്മി പ്രധാനമായും പഠനം നടത്തിയത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ധ്രുവപ്രദേശങ്ങളിലെ സമുദ്ര ആവാസവ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളും സമുദ്ര ജൈവവൈവിധ്യത്തിന്റെ ഭാവിയും വിലയിരുത്തുന്നതിൽ ഈ പഠനം നിർണായകമാകും.
കാലാവസ്ഥാ വ്യതിയാനവും സമുദ്രത്തിലെ പാരിസ്ഥിതിക മാറ്റങ്ങളും പഠിക്കാൻ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഒത്തുചേരുന്ന പ്രധാന കേന്ദ്രമാണ് ന്യ-ഓലെസുണ്ട്. ഹിമാദ്രി ഗവേഷണ കേന്ദ്രത്തിലൂടെ ഇന്ത്യയും ഈ ആഗോള ശാസ്ത്ര കൂട്ടായ്മയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ദേശീയതലത്തിൽ ശ്രദ്ധേയമായ ദൗത്യത്തിൽ ഡോ. ലക്ഷ്മി ദേവിക്ക് പങ്കെടുക്കാനായത് അന്താരാഷ്ട്ര പ്രാധാന്യമുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ കൊച്ചി ജെയിൻ സർവകലാശാല നൽകുന്ന സംഭാവനകളുടെ അംഗീകാരമാണെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി.
