അടിപ്പാതയുടെ ജനകീയ ഉദ്ഘാടനം നടത്തി

പറവൂർ: സമരം ചെയ്ത് നേടിയ അടിപ്പാതയുടെ ജനകീയ ഉദ്ഘാടനം നടത്തി. ദേശീയ പാത 66 പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതി ഒരു വർഷത്തിലധികം നീണ്ട സമരം നടത്തി നേടിയെടുത്തതാണ് ചക്കര കടവ് അടിപ്പാത. പുതിയ ദേശീയ പാത 66ന്റെ വരവോടെഒരു നൂറ്റാണ്ടിലേറെ പഴക്കമുളള ചക്കര കടവ് റോഡ് അടഞ്ഞു പോകുന്ന രീതിയിലായിരുന്നു പ്ലാൻ. ടൗണിൽ നിന്നും അണ്ടി ശേരി ക്ഷേത്രം , എട്ടിയോടം വഴി ചെറായി പാലം വരെ യാത്ര ചെയ്യാൻ കഴിയുന്നതാണ് ചക്കര കടവ് റോഡ്. നിരന്തര സമരത്തിനൊടുവിൽ ജില്ലാ കലക്ടറും ദേശീയ പാത അധികൃതരും സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് അടിപ്പാത അംഗീകരിക്കപ്പെട്ടത്. സമിതി പിന്നീട് ഹൈക്കോടതിയെ സമീപിച്ച് ദേശീയപാത അധികൃതരിൽ നിന്നും ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. അതേ തുടർന്ന് അടിപ്പാത നിർമ്മിക്കാൻ ദേശീയ പാത അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ജനകീയ ഉത്സവാഘോഷം എൻ.എം.പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ വി.എസ്. ബോബൻ അധ്യക്ഷത വഹിച്ചു.ജനകീയ യാത്ര ചെയർമാൻ വിഎസ് ബോബൻ ഫ്ലാഗ് ഓഫ് ചെയ്തതോടുകൂടി പൊരുതി നേടിയ ജനത അടിപ്പാതയിലൂടെ നടന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എം.ജെ. രാജു, ഗണേശൻ ജി.,എൻ.എസ്. അനിൽകുമാർ, സാലിക്ക് കെ.കെ, സി.പി. ജയൻ , കെ.കെ.അബ്ദുള്ള, ജോജോ മനക്കിൽ, ഒ.എൻ. ബോസ്, കെ.കെ. ബഷീർ, ചെറിയാച്ചൻ,ഉദയഭാനു, സുധീഷ് തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *