പീരുമേട് :വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. സത്രത്തിൽനിന്ന് വിനോദസഞ്ചാരികളുമായി അമിതവേഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൊച്ചുകുട്ടികളടക്കം 12 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കരടിക്കുഴിയിലേക്ക് പോകുകയായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല. എന്നാൽ ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേട് സംഭവിച്ചു .
കൂടുതൽ ട്രിപ്പുകൾ ലഭിക്കുന്നതിനായി വിനോദസഞ്ചാരികളുമായി സർവീസ് നടത്തുന്ന ജീപ്പുകൾ ഈ റോഡിലൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. ഇക്കാര്യം പലതവണ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അമിതവേഗം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികളുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
