സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഹൈക്കോടതിയുടെ മാനദണ്ഡം പാലിക്കണം.

ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

2022-ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് കൊണ്ടുവന്നത്. അന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും സർക്കാരും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു.

റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും കാണിച്ച് ബസ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കേരളത്തിൽ ഓടുമ്പോൾ കേരളത്തിലെ ബസുകൾക്ക് മാത്രം വെള്ള നിറം നിർബന്ധമാക്കിയത് തിരിച്ചടിയായെന്നായിരുന്നു പരാതി. ഇതോടെ പലരും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയതോടെ നികുതി വരുമാനത്തിൽ ഇടിവ് വന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധന.

എന്നാൽ റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ കട്ടൗട്ടുകളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതിയുടെ കർശന നിർദേശം ഇനിയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *