ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്: മലയാളി നഴ്‌സ് ഡോ. അജിമോൾ പ്രദീപിന് പുരസ്കാരം

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് യുകെയിൽ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനി ഡോ. അജിമോൾ പ്രദീപ് അർഹയായി. 250,000 യു.എസ് ഡോളറാണ് (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുക. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഡോ. അജിമോൾ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.

യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഓണററി സീനിയർ ലക്ചററുമാണ് ഡോ. അജിമോൾ. ദക്ഷിണേഷ്യൻ വംശജർക്കിടയിലെ അവയവദാന കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് അവർ ആരംഭിച്ച ‘ഉപഹാർ’ പദ്ധതിയിലൂടെ 10,000-ത്തിലധികം സ്റ്റെം സെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു.

അന്താരാഷ്ട്ര നഴ്‌സുമാരുടെ തൊഴിൽ പുനഃപ്രവേശനത്തിനായി നടത്തിയ ഇടപെടലുകൾക്ക് യുകെ ഭരണകൂടത്തിന്റെ ‘ബ്രിട്ടീഷ് എംപയർ മെഡൽ’ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
സമ്മാനത്തുകയുടെ പകുതിഭാഗം ‘ഉപഹാർ’ പദ്ധതിക്കും അവയവ-സ്റ്റെംസെൽ ദാന ബോധവൽക്കരണത്തിനും ഉപയോഗിക്കുമെന്നും, ബാക്കി തുക നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കുമെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. അജിമോൾ വ്യക്തമാക്കി.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ലോകാരോഗ്യ സംഘടനാ തലവൻ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ
ആശംസ സന്ദേശവും പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *