കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉചിതമായ നിയമപാലന ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായാണ് വിവരം. കേന്ദ്രം വിഷയത്തിൽ കർശന നടപടയുമായി മുന്നോട്ട് പോവുന്നതിനിടെയാണ് മെറ്റയുടെ സുപ്രധാന നീക്കം.
ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുന്നതായി സർക്കാർ അറിയിച്ചു. സഹകരണം സ്ഥിരീകരിച്ചുകൊണ്ട് മെറ്റ കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്ത് നൽകിയതായി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഒരു അടിസ്ഥാന തത്വമാണെന്നും, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇത് അതിന്‍റെ ആദ്യപടിയാണെന്നും മുന്നോട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
