എൻ എച്ച് 66 നിർമ്മാണം പെരുമ്പടന്നയിലെ എൻട്രിയും എക്സിറ്റും അടച്ചുകെട്ടാനുള്ള നീക്കം തടഞ്ഞു

ജനകീയ വികസന സംരക്ഷണ സമിതിയുടെ ഇടപെടൽ; താൽക്കാലികമായി നിർമ്മാണം നിർത്തിവെക്കാൻ പോലീസ് സ്റ്റേഷനിൽ നിർദ്ദേശം.
പറവൂർ നഗരസഭയിലെ പെരുമ്പടന്നയിൽ എൻ എച്ച്66 ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള എൻട്രിയും എക്സിറ്റും അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരെ ജനകീയ വികസന സംരക്ഷണ സമിതി ശക്തമായി രംഗത്തെത്തി.
ഓറിയന്റൽ കമ്പനിയുടെ പ്രതിനിധികളുമായി സമിതി ചർച്ച നടത്തുകയും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ താൽക്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
പറവൂർ നഗരസഭാ പ്രദേശത്ത് പ്രധാന റോഡിന് കുറുകെ ഫ്ലൈഓവർ നിർമ്മിക്കുമ്പോൾ ഇരുവശങ്ങളിലും ആവശ്യമായ എൻട്രിയും എക്സിറ്റും ഐ ആർ സി മാനദണ്ഡങ്ങൾ പ്രകാരം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് കരാറുകാരൻ ഈ വിഷയം പരിഗണിക്കാതെ നിർമ്മാണം തുടർന്നുവന്നതെന്നാണ് സമിതിയുടെ ആരോപണം.
പറവൂരിലേക്ക് എത്തേണ്ട യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ നിർണ്ണായകമാണ് പെരുമ്പടന്നയിലെ ഈ എൻട്രി–എക്സിറ്റ് സംവിധാനം. ഇത് ഇല്ലാതാകുന്നത് പ്രദേശത്തെ ജനങ്ങൾക്കും യാത്രക്കാർക്കും വലിയ യാത്രാദുരിതം സൃഷ്ടിക്കും.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ ഹൈക്കോടതിയെ സമീപിച്ച് ഹർജി സമർപ്പിക്കാനാണ് ജനകീയ വികസന സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും തീരുമാനം.
വികസനം ജനങ്ങൾക്ക് വേണ്ടിയാണ്; ജനങ്ങളുടെ യാത്രാസൗകര്യം ഇല്ലാതാക്കിക്കൊണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *