ലോകത്തിന് തീരുവ ഇടുന്ന ട്രമ്പിന് 50 % നികുതിയിട്ട് കാനഡ

ഒട്ടാവ::അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേൽ കാനഡ പ്രഖ്യാപിച്ച പ്രത്യാക്രമണ നികുതികൾ പ്രാബല്യത്തിൽ. ഇന്ന് (സെപ്റ്റംബർ 8) മുതൽ തിരഞ്ഞെടുത്ത യുഎസ് ഉൽപന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ തീരുവ ചുമത്തും.അമേരിക്കയിൽ നിന്നുള്ള ഏകദേശം 2,760 കോടി കനേഡിയൻ ഡോളറിന്റെ ഇറക്കുമതിയാണു ഈ നടപടി ബാധിക്കുന്നത്. സ്റ്റീൽ, ക്ഷീരോൽപന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പൾപ്പ് & പേപ്പർ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് ഉൽപന്നങ്ങൾ ഈ നികുതി വർധനവിന് കീഴിൽ വരും.യുഎസ് ചുമത്തിയ പുതിയ തീരുവയ്ക്ക് അതേ നിരക്കിലും തുകയിലും ‘ഡോളറിന് പകരം ഡോളർ’ എന്ന രീതിയിലാണ് തങ്ങളും തിരിച്ചടിക്കുന്നതെന്ന് ഒട്ടാവ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും പൊതുവായി ചുമത്തിയ തീരുവയല്ല ഇത്. ഉൽപന്നങ്ങളുടെ സ്വഭാവമനുസരിച്ച് നികുതി നിരക്കുകളിൽ വ്യത്യാസമുണ്ടാകും.നിയമം നിലവിൽ വരുന്ന സമയത്ത് കാനഡയിലേക്ക് യാത്രയിലുള്ള (ഇൻ – ട്രാൻസിറ്) യു.എസ് ചരക്കുകളെ ഈ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാനഡയിലേക്ക് ബാധിത ഉൽപന്നങ്ങൾ കൊണ്ടുവരുമ്പോൾ ഇറക്കുമതിക്കാർ ഈ തീരുവ ഒടുക്കേണ്ടി വരും. ചില ബിസിനസുകൾ ഈ അധിക ചെലവ് സ്വയം സഹിച്ചേക്കാമെങ്കിലും, മറ്റു ചിലർ അത് ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധ്യതയുണ്ട്. കാനഡയിലെ വിപണി വിലയെ ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *