കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. 55 വർഷം നീണ്ട അഭിനയജീവിതത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ച മഹാനടന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഞായറാഴ്ച അർധരാത്രി മുതൽ തന്നെ എറണാകുളം ഇളംകുളത്തെ വസതിക്ക് മുന്നിൽ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.ജന്മദിനത്തിൽ ആശംസകളുമായി ഞായറാഴ്ച അർധരാത്രി തന്നെ നിരവധി ആരാധകർ അദ്ദേഹത്തിന്‍റെ എറണാകുളം ഇളംകുളത്തെ വസതിക്ക് മുന്നിൽ തടിച്ചുകൂടി. അതേസമയം, മമ്മൂട്ടി കൊച്ചിയിൽ ഇല്ല എന്നാണ് വിവരം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. എങ്കിലും വീട്ടിൽ ആരാധകർക്കായി കേക്ക് മുറിക്കും.1971ൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ മുഹമ്മദ് കുട്ടി എന്ന സാധാരണക്കാരൻ വെള്ളിത്തിരയിലെത്തുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല, മലയാള സിനിമയുടെ ചരിത്രം തന്നെ ഇദ്ദേഹത്തിന്റെ പേരിൽ എഴുതപ്പെടുമെന്ന്.കോട്ടയം വൈക്കം ചെമ്പ് ഗ്രാമത്തിൽ നിന്ന് വന്ന്, മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത്, ഒടുവിൽ സിനിമയുടെ ലോകത്തേക്ക് ചുവടുവെച്ച ആ ലെജൻഡ് ഇന്ന് 55 വർഷത്തെ അമ്പരപ്പിക്കുന്ന കരിയറാണ് പിന്നിട്ടിരിക്കുന്നത്.സമാന്തര സിനിമകളിലും കൊമേഴ്‌സ്യൽ മാസ് ചിത്രങ്ങളിലും ഒരുപോലെ വിസ്മയം തീർത്ത മമ്മൂട്ടിക്ക് 425ലേറെ ചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യമാണുള്ളത്. പത്മശ്രീയും, തന്റെ 75ാം പിറന്നാൾ വർഷത്തിൽ രാജ്യം നൽകിയ പത്മഭൂഷണും, നാല് ദേശീയ പുരസ്‌കാരങ്ങളും, ഒമ്പത് സംസ്ഥാന അവാർഡുകളും, കേരള സർക്കാരിന്റെ കേരള പ്രഭ പുരസ്‌കാരവുമെല്ലാം ആ മഹാനടന്റെ യശസ്സ് ഉയർത്തുന്നു. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളുടെ ഡി.ലിറ്റും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിന്റെ അഭിമാനം മമ്മുട്ടിയ്ക്ക് ഇന്ന് 75 തികയുന്നു, ആശംസകൾ നേർന്ന് ലോകം
