24 മണിക്കൂർ സ്പെഷാലിറ്റി സേവനത്തിന് തിരിച്ചടിയായി ഡോക്ടർ ക്ഷാമം; 783 ഒഴിവ്

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷാലിറ്റി സേവനം ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തിന് വെല്ലുവിളിയായി ഡോക്ടർ ക്ഷാമം. സംസ്ഥാനത്ത് 783 ഡോക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 70 ശതമാനവും മലബാറിലാണ്.

പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിൽ 554 തസ്തികകളിലാണ് ഡോക്ടർമാരില്ലാത്തത്. ഏറ്റവും കൂടുതൽ ഒഴിവ് കാസർകോട് – 166. കണ്ണൂരിൽ 117, പാലക്കാട് 108.

ഏറ്റവും കൂടുതൽ ഒഴിവ് അസിസ്റ്റന്റ് സർജൻ തസ്തികയിലാണ് – 431. കാസർകോട് 113, പാലക്കാട് 87, കണ്ണൂർ 70 എന്നിങ്ങനെയാണ് കണക്ക്.

പ്രശ്നപരിഹാരത്തിന് 430 നിയമന ഉത്തരവുകൾ നൽകിയെങ്കിലും 134 പേർ മാത്രമാണ് കൈപ്പറ്റിയത്. കഴിഞ്ഞ മാസം 20നകം ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചെങ്കിലും പകുതി പേർ മാത്രമാണ് എത്തിയത്.

നിലവിൽ പല സ്പെഷാലിറ്റികളിലും മൂന്നോ നാലോ ഡോക്ടർമാരേ ഉള്ളൂ. രാത്രി അടിയന്തര ഡ്യൂട്ടിക്ക് ശേഷം പകൽ ഒപി, ഐപി, തിയേറ്റർ ജോലികളും ചെയ്യേണ്ടി വരുന്നത് ഡോക്ടർമാരെയും രോഗികളെയും വലയ്ക്കുന്നു.

ആദ്യഘട്ടത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ 24 മണിക്കൂർ സേവനം 6 മാസത്തിനുള്ളിൽ സംസ്ഥാന വ്യാപകമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *