ന്യൂയോർക്ക്: ഭൂമിയുടെ ഭൂപടത്തിൽ സമൂലമാറ്റം വരുന്നു, ഇനി നമ്മൾ കണ്ട ഭൂമിയല്ല. ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു. ലോകഭൂപടം മാറ്റി യുണൈറ്റഡ് നേഷൻസ് (യുഎൻ) പൊതുസഭയുടെ ചരിത്രപരമായ തീരുമാനം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് അർഹമായ വലിപ്പം നൽകുകയും തെറ്റായ അളവുകളിൽ ചിത്രീകരിക്കപ്പെട്ടിരുന്ന അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ യഥാർത്ഥ വലിപ്പത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പുതിയ ഭൂപട പ്രൊജക്ഷനാണ് യുഎൻ അംഗീകരിച്ചത്. 16-ാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലിരിക്കുന്ന ‘മെർക്കേറ്റർ’ ഭൂപടത്തിന് പകരമായാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി വ്യക്തമാക്കുന്ന ‘ഈക്വൽ എർത്ത്’ ഭൂപടം യുഎൻ ഔദ്യോഗികമായി സ്വീകരിക്കുന്നത്. യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ആറു രാജ്യങ്ങൾ വിട്ടുനിന്നു. എന്നാൽ, യുഎസ് പ്രമേയത്തെ ശക്തമായി എതിർത്ത് വോട്ട് ചെയ്തു. പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത് ആഫ്രിക്കൻ രാജ്യമായ ടോഗോയും ആഫ്രിക്കൻ യൂണിയനുമാണ്. 1569-ൽ ഗെരാർഡസ് മെർക്കേറ്റർ നിർമ്മിച്ച പരമ്പരാഗത ഭൂപടത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഭാഗങ്ങളെ ചെറുതാക്കിയും ധ്രുവപ്രദേശങ്ങളോട് അടുത്തുള്ള അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളെ വളരെ വലുതാക്കിയുമാണ് കാണിച്ചിരുന്നത്. ഉദാഹരണത്തിന്, യഥാർത്ഥത്തിൽ ആഫ്രിക്കയേക്കാൾ 14 മടങ്ങ് ചെറുതായ ഗ്രീൻലാൻഡിനെ പഴയ ഭൂപടത്തിൽ ആഫ്രിക്കയുടെ അത്രയും തന്നെ വലിപ്പത്തിലാണ് ചിത്രീകരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഈ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്തെത്തി. ലോകം അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പകരം 16-ാം നൂറ്റാണ്ടിലെ ഭൂപടങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത തകർക്കുമെന്ന് യുഎസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് ആരോപിച്ചു. വംശീയ നഷ്ടപരിഹാരവും ചരിത്രപരമായ തെറ്റുതിരുത്തലുകളും ലക്ഷ്യമിട്ടുള്ള ചില രാജ്യങ്ങളുടെ “പ്രത്യയശാസ്ത്ര അജണ്ട”യാണ് ഇതിന് പിന്നിലെന്നും യുഎസ് ആരോപിച്ചു. അതേസമയം, “ശരിയായ ഭൂപടത്തിൽ നിന്നാണ് നീതിപൂർവ്വമായ ലോകം ആരംഭിക്കുന്നത്” എന്ന് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസി പ്രതികരിച്ചു. തെറ്റായ ഭൂപടങ്ങൾ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കുകയും കോളനിവാഴ്ചക്കാലത്തെ മനോഭാവങ്ങളെ തുടർന്നുപോരാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളുടെ നിലപാട്. പ്രമേയം നിയമപരമായി ആവശ്യമില്ല എങ്കിലും ഇതിന് ആഗോള തലത്തിൽ നിയമസാധുതയായി.
ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു, കുന്നംകുളം ഉണ്ടാകുമോ ആവോ…………….?ഇനി ഡിജിറ്റൽ മാപ്പുകളിലും ആഗോള മാധ്യമങ്ങളിലും പുതിയ പ്രൊജക്ഷൻ ഭൂപടങ്ങൾ ആയിരിക്കും ഉപയോഗിക്കപ്പെടുക
