നോർക്ക ഐഡി രജിസ്ട്രേഷൻ, പ്രവാസി പെൻഷൻ, നോർക്ക കെയർ ഇൻഷുറൻസ് സേവനങ്ങൾക്ക് മാർഗനിർദേശവുമായി പ്രത്യേക ക്യാമ്പ്.

ദോഹ: പ്രവാസി മലയാളികൾക്ക് നോർക്ക റൂട്ട്സ് സേവനങ്ങളും ക്ഷേമ പദ്ധതികളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നോർക്ക ഐഡി രജിസ്ട്രേഷൻ, പ്രവാസി പെൻഷൻ അംഗത്വം, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സേവന സൗകര്യങ്ങൾ ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കേരള സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന നോർക്ക ഐഡി കാർഡ് പ്രവാസികളെ ഔദ്യോഗികമായി കേരള സർക്കാരുമായി ബന്ധിപ്പിക്കുന്ന പ്രധാന തിരിച്ചറിയൽ രേഖയാണ്. മൂന്ന് വർഷമാണ് ഐഡിയുടെ കാലാവധി. നോർക്ക ഐഡി ഉടമകൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി അഞ്ച് ലക്ഷം രൂപ വരെ, സ്ഥിരമോ ഭാഗികമോ ആയ വൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെ ധനസഹായം, വിവിധ സംരംഭകത്വ പദ്ധതികളുടെ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കൂടാതെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ അംഗമാകുന്നതിനും പുതുക്കുന്നതിനും സാധുവായ നോർക്ക ഐഡി നിർബന്ധമാണ്.

അതേസമയം, പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അംഗത്വവും പുതുക്കലും ഒക്ടോബർ ഒന്നുമുതൽ ലഭ്യമാകും. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വിവിധ ഇൻഷുറൻസ് കവറേജുകൾ ലഭ്യമാണ്. 18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും 80 വയസ്സ് വരെ പ്രായമുള്ള മാതാപിതാക്കളെയും പങ്കാളിയുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തി അംഗത്വം നേടാനാവും.

പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേക്കുള്ള അംഗത്വത്തിനും പ്രവാസികൾക്ക് മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നുണ്ട്. വിദേശത്ത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 60 വയസ്സിന് ശേഷം പ്രതിമാസം 3,500 രൂപ മുതൽ 7,000 രൂപ വരെ പെൻഷൻ, കുടുംബ പെൻഷൻ, അവശത പെൻഷൻ, ചികിത്സാ സഹായം, വിദ്യാഭ്യാസ ഗ്രാന്റ്, വിവാഹ ധനസഹായം, പ്രസവ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങിയ നിരവധി ക്ഷേമ ആനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

നോർക്ക ഐഡി, നോർക്ക കെയർ ഇൻഷുറൻസ്, പ്രവാസി ക്ഷേമ പെൻഷൻ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സഹായത്തിനും സിദ്ദിഖ് ചെറുവല്ലൂർ +974 70331167 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *