ക്ലാസ് മുറിക്കുള്ളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ പ്രമീള ഇവാഞ്ചലിനെ നാഗര്‍കോവിലിലെ വടശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് സ്ഥലം മാറ്റിയത്.സംഭവത്തില്‍ കന്യാകുമാരി കളക്ടര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയും, പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ഫോണില്‍ പകര്‍ത്തിയത്.ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച തീയതി, അതിലുള്ളവര്‍ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *