കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷും ഹൈക്കോടതിയിൽ. സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാർ തീരുമാനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ. കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷും ഹൈക്കോടതിയിൽ. അപ്പീലിൽ തീർപ്പാകുന്നതു വരെ സിബിഐ ഈ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന നിയമനടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ കെ.നടരാജൻ, കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഹർജി ഇന്നു പരിഗണിച്ചേക്കും. സിംഗിൾ ബെഞ്ച് സ്വീകരിച്ച നടപടികൾ തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചന്ദ്രശേഖരൻ അപ്പീലിൽ പറയുന്നു. തനിക്കെതിരെ വിചാരണാനുമതി നൽകിയ നടപടി നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം തടയുന്നതാണെന്നും ഹർജിയിൽ ചന്ദ്രശേഖരൻ പറയുന്നു. കോടതിയലക്ഷ്യ ഹർജിയിൽ താൻ കക്ഷിയല്ലായിരുന്നു. എന്നാൽ തന്നെ കേൾക്കുകയോ വാദം ഉന്നയിക്കാൻ അവസരം നൽകുകയോ ചെയ്യാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഉത്തരവുകളുടെ സാധുത ചോദ്യം ചെയ്യാനുള്ള തന്റെ അവകാശമാണ് ഇതിലൂടെ നഷ്ടമായതെന്നും ഹർജിയിൽ പറയുന്നു. കശുവണ്ടി വാങ്ങാൻ തീരുമാനമെടുത്തത് ബോർഡിന്റെ യോഗ തീരുമാന പ്രകാരമാണ്. തൊഴിലാളികൾക്ക് ജോലി നൽകാനുള്ള സർക്കാരിന്റെ പൊതു നിർദ്ദേശം പാലിച്ചാണ് പ്രവർത്തിച്ചത്. ഇതിൽ മുൻകാല ഉത്തരവുകളും ടെൻഡർ നടപടികളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കേസ്. കെ.എ.രതീഷ് ഒന്നാം പ്രതിയും കോർപറേഷൻ മുൻ ചെയർമാൻ കൂടിയായ ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ആദ്യം വിചാരണാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുകയും വിചാരണാനുമതിയുടെ കാര്യത്തിൽ വീണ്ടും തീരുമാനമെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ സർക്കാർ വീണ്ടും അനുമതി നിഷേധിച്ചതിനെ തുടർന്നുണ്ടായ കോടതിയലക്ഷ്യ നടപടികളുടെ പശ്ചാത്തലത്തിലാണ് ഒടുവിൽ സർക്കാർ വിചാരണാനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിചാരണാനുമതി ശരിവെച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവുകൾക്കെതിരെയാണ് നിലവിൽ അപ്പീൽ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *