പി.വി. പൗലോസ് മാസ്റ്റർ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവൻ കുമാറിനും

തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ് , കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹ്യശ്രീ അവാർഡിന് ‘ ഓപ്പറേ ഷൻ തൂഫാൻ ‘ പദ്ധതിയുടെ സ്രഷ്ടാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ ( സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. ഇരുവർക്കും 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷങ്ങളിൽ സൺഡേ ദീപികയിൽ കവർസ്റ്റോറികളിലൂടെ തൃശൂർ ജില്ലക്കാരായ അനേകം പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിനാണ് സെബിക്ക് അവാർഡെന്നും സാമ്പത്തിക ശാസ്ത്ര ലേഖനങ്ങളെ ആധാരമാക്കിയാണ് ജീവൻ കുമാറിനെ അവാർഡിന് തെരഞ്ഞെടുത്തതെന്നും ജൂറി വ്യക്തമാക്കി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും. മാധ്യമശ്രീ അവാർഡുകൾ രമേശ് ചെന്നിത്തല സമ്മാനിക്കും. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ എം. പി. ജാക്സൺ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസ്സി എന്നിവർ ആശംസകളർപ്പിക്കും. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും. ഡോ. ജസ്റ്റിൻ പോൾ സ്വാഗതവും പ്രഫ. ഡോ. സന്തോഷ് പോൾ നന്ദിയും പറയും . അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്ത ഡോ. ജസ്റ്റിൻ പോൾ, പ്രഫ. അനൂപ് നന്തിലത്ത്, പ്രഫ. ചാക്കോ ജോസ് എന്നിവരടങ്ങിയ ജൂറിയാണ് തൃശൂരിൽ പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *