കാഞ്ഞങ്ങാട്: ജനാധിപത്യ പ്രക്രിയകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വോളൻ്റിയേഴ്സ് ഗ്രാമസഭയിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പത്തി ഒൻപതാം വാർഡ് സഭ യോഗവും എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ് വിജയികൾക്ക് അനുമോദനവും കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ വച്ച് നടന്നു. അധ്യക്ഷയായി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
ഫൗസിയ ഷരീഫ്, വാർഡ് കൗൺസിലർ കെ.ഗീത സ്വാഗതം പറഞ്ഞു, എൻ. ഉണ്ണികൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ഉദ്യോഗസ്ഥ പ്രതിനിധി ആർ ഗീത, എൻ എസ് എസ് വോളന്റിയർമാരായ ആര്യ.എം.കെ, വിസ്മയ എം.എസ്, ശ്രീയ ലക്ഷ്മി രൂപേഷ് എന്നിവർ പങ്കെടുത്തു
കാഞ്ഞങ്ങാട് നഗരസഭ സംഘടിപ്പിച്ച ഗ്രാമസഭയിൽ വിദ്യാർത്ഥികൾ നേരിട്ടെത്തി ചർച്ചകൾ കേട്ടു. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പദ്ധതികൾ, നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം ലഭിച്ചു.
ഭരണസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, ഒരു ഗ്രാമസഭയുടെ പ്രാധാന്യം, പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അധികാരികളെ അറിയിക്കാനുള്ള വേദി എന്നിവയെക്കുറിച്ച് എൻ എസ് എസ് വോളൻ്റിയേഴ്സ് നേരിട്ട് മനസ്സിലാക്കി.
പൗരബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് ഇത്തരം പരിപാടികൾ സഹായകമാണെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.
ഭാവിയിൽ കൂടുതൽ സാമൂഹിക-സാംസ്കാരിക പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുമെന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജുവും കാസർകോട് ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖിയും കൂട്ടിച്ചേർത്തു.
