മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര-വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് പെരിന്തൽമണ്ണ, തിരൂർ, പട്ടാമ്പി, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് ചികിത്സാ ആവശ്യങ്ങൾക്കായി പെരിന്തൽമണ്ണ മെഡിക്കൽ സിറ്റിയിലേക്ക് പോകുന്ന രോഗികൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, വ്യാപാരികൾ, സാധാരണ യാത്രക്കാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഗുരുതരമായ യാത്രാദുരിതമാണ് നേരിടുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ജനങ്ങളുടെ യാത്രാച്ചെലവ് വർധിപ്പിക്കുന്നതായും പൊതുഗതാഗത സംവിധാനത്തെ ദുർബലപ്പെടുത്തുന്നതായും എൻ.സി.പി. അഭിപ്രായപ്പെട്ടു.
വളാഞ്ചേരി–പെരിന്തൽമണ്ണ, വളാഞ്ചേരി–തിരൂർ, വളാഞ്ചേരി–പട്ടാമ്പി, വളാഞ്ചേരി–മലപ്പുറം എന്നീ റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്നും യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. പൊതുജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി അനുകൂല നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
എൻ വൈ സി സംസ്ഥാന പ്രസിഡൻ്റ് സി.കെ ഗഫൂർ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ടി മുഹമ്മദ് കുട്ടി, സി.കെ അഷ്റഫ്,മൂസ ഹാജി, എന്നിവർ പ്രസംഗിച്ചു.
