മാട്ടുമ്മലിൽ പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

പറവൂർ: അപകടനിലയിലായ പാലത്തിന് പകരം മാട്ടുമ്മൽ തുരുത്തിൽ പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു.
നഗരസഭ ഒന്നാം വാർഡിൽ ഉൾപ്പെട്ട നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മാട്ടുമ്മൽ തുരുത്ത്. ആദ്യകാലങ്ങളിൽ യാത്രക്ക് വഞ്ചിയും പിന്നീട് തെങ്ങിൻ പാലവും ഉണ്ടായ ഇവിടെ മൂന്നര പതിറ്റാണ്ട് മുൻപാണ് പറവൂർ നഗരവുമായി ബന്ധിപ്പിച്ച്കോൺക്രീറ്റ് പാലം നിർമ്മിച്ചത്.ഒരു ഓട്ടോറിക്ഷക്ക് കടന്നു പോകാൻ കഴിയുന്ന വീതിയിലാണ് പാലം. ഇപ്പോൾ തൂണുകൾ ദ്രവിച്ച് അപകടനിലയിലാണ്.
ഒരു പതിറ്റാണ്ടിലേറെയായി പുതിയ പാലത്തിനായി ജനങ്ങൾ ആവശ്യമുയർത്തുന്നു.എന്നാൽ അധികാരികൾ കനിഞ്ഞിട്ടില്ല. ഇലക്ഷന് മുന്നോടിയായി, പുതിയ പാലത്തിന് ഏഴ് കോടി അനുവദിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് ഫ്ലക്സ് ബോർ ഡുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും അത് കബളിപ്പിക്കലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
നൂറ്റൻപതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. നിലവിലെ പാലത്തിലൂടെ ഒരു ആംബുലൻസിനോ സ്കൂൾ വാഹനത്തിനോ കടന്നു പോകാൻ കഴിയില്ല. ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
പ്രത്യേക നടപ്പാതയും വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലുള്ള വീതിയിൽ പാലവും നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം നേടിയെടുക്കുക്കാൻ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന് ഇന്ന് (ഞായർ) രാവിലെ 10.30 ന് പാലത്തിന് സമീപം പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *