ഇന്ത്യൻ റബർ വിപ്ലവത്തിന്റെ പിതാവ് മർഫി സായിപ്പിന് ഇന്ന് അറുപത്തിയൊമ്പതാം ചരമവാർഷികം

പീരുമേട്: ഇന്ത്യയുടെ കാർഷിക ഭൂപടത്തിൽ കേരളത്തെയും കോട്ടയം ജില്ലയെയും അടയാളപ്പെടുത്തിയ റബർ തോട്ടം വ്യവസായത്തിന്റെ പിതാവ് ജോൺ ജോസഫ് മർഫി എന്ന മർഫി സായിപ്പിന്റെ അറുപത്തിയൊമ്പതാം ചരമവാർഷികം ഇന്ന്. 1872 ഓഗസ്റ്റ് 1-ന് അയർലൻഡിൽ ജനിച്ച മർഫി, കടൽ കടന്നെത്തി കൂട്ടിക്കലിലെ ഏന്തയാറിൽ റബർ കൃഷിക്ക് തുടക്കം കുറിച്ചതോടെയാണ് മലയോര മേഖലയുടെ വികസന വിപ്ലവത്തിന് തിരിതെളിഞ്ഞത്.
1902-ൽ ഏന്തയാറിലെത്തിയ അദ്ദേഹം താൻ കണ്ടെത്തിയ നാടിനെ തന്റെ അമ്മയുടെ ഓർമ്മയ്ക്കായി ‘എൻ തായയായ നാട്’ എന്ന് വിളിച്ചു. ഇതാണ് പിന്നീട് ‘ഏന്തയാർ’ ആയി മാറിയത്. അയ്യായിരത്തിലധികം ഏക്കറുകളിലേക്ക് റബർ കൃഷി വ്യാപിപ്പിച്ച അദ്ദേഹം ഏന്തയാറിൽ റബർ, തേയില ഫാക്ടറികളും സ്ഥാപിച്ചു. മികച്ച ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകിയ അദ്ദേഹം ഒരു വലിയ മാനവികവാദി കൂടിയായിരുന്നു.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ മടങ്ങിയപ്പോഴും താൻ സ്നേഹിച്ച ഏന്തയാറിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1957 മെയ് 9-ന് നാഗർകോവിലിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏന്തയാറിന് സമീപം മാത്തുമലയിലെ തൊഴിലാളികളുടെ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
മർഫി സായിപ്പിന്റെ സ്മരണയ്ക്കായി റബർ ബോർഡ് പ്രഖ്യാപിച്ച സ്മാരകം വർഷങ്ങൾ കഴിഞ്ഞിട്ടും കടലാസിലൊതുങ്ങുകയാണെന്ന പരാതി ശക്തമാണ്. അദ്ദേഹത്തിന്റെ ശവകുടീരം സംരക്ഷിക്കാനും സ്മാരക നിർമ്മാണം പൂർത്തിയാക്കാനും സർക്കാർ തയ്യാറാവണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഏന്തയാർ സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തിൽ മാത്തുമലയിലെ ശവകുടീരത്തിൽ പ്രാർത്ഥനയും അനുസ്മരണവും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമുദായിക നേതാക്കളും പങ്കെടുക്കുമെന്ന് വികാരി ഫാ. സേവ്യർ മാമൂട്ടിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *