വൈക്കം:വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം ഉപജില്ല വനിത ഫോറം പ്രവർത്തകർ അവയവദാനത്തിന് സന്നദ്ധരായി മാതൃകയായി. സംസ്ഥാനസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ അധ്യാപികമാരുടെ സമ്മതപത്രം വൈക്കം കെപിഎസ് ടി എ വനിതാ ഫോറം കൺവീനർ സോജിമോൾജോർജ് വൈക്കം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. എം.എസ്. സ്മിതാമോൾക്ക് കൈമാറി. വൈക്കം താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച അവയവദാന സമ്മത പത്ര കൈമാറ്റ പരിപാടി വൈക്കം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്തു.വൈക്കത്തെ സന്നദ്ധരായ അധ്യാപികമാരുടെ അവയവദാന ബാങ്ക് രൂപീകരിച്ച് പരമാവധിപേരെ ഉൾപ്പെടുത്തി അവയവ ദാനം മഹാദാനമെന്ന സദ്കർമത്തിന് പിൻബലമേകുകയെന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചതെന്ന് വൈക്കം കെപിഎസ് ടി എ വനിതാ ഫോറം കൺവീനർ സോജിമോൾജോർജ് പറഞ്ഞു. കെപിഎസ് ടി എ വൈക്കം ഉപജില്ല വനിതാ ഫോറംസെക്രട്ടറി വന്ദന കെ.പൗലോസ്, ജോയിന്റ് സെക്രട്ടറി അനു ഡി. രാജ്, സി.ജി.മിനി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രദീപ് , റവന്യൂ ജില്ല വൈസ് പ്രസിഡന്റ് പി.ആർ. ശ്രീകുമാർ,വൈക്കം ഉപജില്ല പ്രസിഡന്റ് ബൈജുമോൻജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ:സംസ്ഥാനസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവ ദാനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ അധ്യാപികമാരുടെ സമ്മതപത്രം വൈക്കം കെപിഎസ് ടി എ വനിതാ ഫോറം കൺവീനർ സോജിമോൾജോർജ് വൈക്കം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. എം.എസ്. സ്മിതാമോൾക്ക് കൈമാറുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാതൃകയായി കെപിഎസ് ടി എ വനിത ഫോറം പ്രവർത്തകർ
