ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി തലയോലപ്പറമ്പ് ഇടവകാംഗങ്ങൾ

തലയോലപ്പറമ്പ്: കാൻസർ രോഗത്തെ ചികിത്സയിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മപ്രവൃത്തികൾ സഹായകമാകുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവകയിലെ വിശ്വാസപരിശീലന വിഭാഗവും ചേർന്ന് സംഘടിപ്പിച്ച കേശദാനയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത, ഭക്ഷണ ശൈലികൾ ക്രമീകരിച്ച് കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനൊപ്പം രോഗബാധിതർക്ക് ചികിത്സയും അതിജീവനത്തിനുള്ള സാമൂഹ്യ പിന്തുണയും ഉറപ്പാക്കുവാൻ സമൂഹത്തിനു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. കാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്നവർക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനാണ് സഹൃദയ കേശദാനം പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തലയോലപ്പറമ്പ് ഇടവക സഹവികാരി ഫാ.ആൽജോ കളപ്പുരയ്ക്കൽ മുഖ്യസന്ദേശം നൽകി. കൈക്കാരൻ തങ്കച്ചൻ കളമ്പുകാട്ട്, ഗ്രാമപഞ്ചായത്തംഗം ശില്പ സാജു, വിശ്വാസപരിശീലന വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ എന്നിവർ സംസാരിച്ചു. 63 വയസുള്ള ചിന്നമ്മ ഉമ്മാം കുന്ന് മുതൽ 9 വയസുകാരി സിയ അജോ വരെ നാൽപ്പതിലേറെ പേർ പരിപാടിയിൽ കേശദാനം നടത്തി.ഫോട്ടോ: തലയോലപ്പറമ്പിൽ സംഘടിപ്പിച്ച കേശദാന പരിപാടി മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. തോമസ് സ്കറിയ, ശില്പ സാജു, മുത്തുഗുണേശ്വരി, ഫാ. ജോസ് കൊളുത്തു വെള്ളിൽ, എൽസ മരിയ ബിനു, ഫാ. ആൽജോ കളപ്പുരയ്ക്കൽ, തങ്കച്ചൻ കളമ്പുകാട്ട് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *