: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, മറിച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമ്മാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി. ജെയിൻ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.അതിജീവനം എന്നത് വ്യക്തികളോ സമൂഹമോ തനിയെ ആർജ്ജിക്കുന്ന ഒന്നല്ല, മറിച്ച് ബോധപൂർവ്വം കെട്ടിപ്പടുക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹങ്ങൾക്ക് അതിജീവിക്കാനുള്ള സ്വാഭാവികമായ കഴിവുണ്ട്. അതിജീവനം എന്നത് യാദൃശ്ചികമല്ല, അത് ഒരു തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ എട്ടുലക്ഷം പേർ കൊല ചെയ്യപ്പെട്ട വംശഹത്യയുടെ കയ്പ്പേറിയ ഓർമ്മകളിൽ നിന്ന്, ഇന്ന് ലോകത്തെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളിലൊന്നായി റുവാണ്ട മാറിയത് അവരുടെ നിശ്ചയദാർഢ്യം മൂലമാണ്. മാസത്തിലെ അവസാന ശനിയാഴ്ച രാജ്യം മുഴുവൻ ശുചീകരണത്തിനായി മാറ്റിവെക്കുന്ന ‘ഉമുഗണ്ട’ പോലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്.2008-ലെ ഭൂകമ്പത്തിൽ തകർന്ന ചൈനയിലെ ബീച്ചുവാൻ നഗരത്തിന്റെ പുനർനിർമ്മാണം വിസ്മയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തകർന്ന നഗരം ഒരു മ്യൂസിയമാക്കി നിലനിർത്തിക്കൊണ്ട്, മറ്റൊരു സ്ഥലത്ത് പുതിയൊരു നഗരം തന്നെ ചൈന നിർമ്മിച്ചു. ദുരന്തബാധിതരായ 50,000 പേർക്കൊപ്പം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള 50,000 പേരെ കൂടി താമസിപ്പിച്ച് ആ നഗരത്തെ നെഗറ്റീവ് ഊർജ്ജത്തിൽ നിന്ന് മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അതുപോലെ 2004-ലെ സുനാമി, ഇന്തോനേഷ്യയിലെ ബന്ദ ആഷെയിൽ വർഷങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും സമാധാനപരമായ വികസനത്തിനും കാരണമായി.പുനരധിവാസ മേഖലകളിൽ പുതിയ നിക്ഷേപങ്ങളും ജനവിഭാഗങ്ങളും എത്തുന്ന രീതിയിലുള്ള ആസൂത്രണം ഉണ്ടായാൽ മാത്രമേ അവിടം പ്രതീക്ഷയുടെ നഗരമായി മാറൂ. കേരളത്തിൽ ദുരന്തമുഖങ്ങളിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. 2018-ലെ പ്രളയകാലത്തും ചെന്നൈ പ്രളയകാലത്തും ജാതിമത ഭേദമന്യേ മലയാളികൾ കാണിച്ച ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് മഹാമാരിയെ നേരിടാൻ ലോകം കാണിച്ച വേഗതയും ഐക്യവും എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കാണിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് അറിഞ്ഞിട്ടും നമ്മുടെ തിരഞ്ഞെടുപ്പുകളിലോ രാഷ്ട്രീയ ചർച്ചകളിലോ അത് കാര്യമായ ഇടം പിടിക്കുന്നില്ല. ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരിസ്ഥിതി മാറ്റങ്ങൾ അനിവാര്യമായും ഉൾപ്പെടുത്തണം-. മുരളി തുമ്മാരുകുടി പറഞ്ഞു.
ദുരന്തങ്ങളെ അതിജീവനത്തിന്റെയും വികസനത്തിന്റെയും അവസരങ്ങളാക്കി മാറ്റണം: മുരളി തുമ്മാരുകുടി
