ഇസ്ലാമാബാദ്: ഉഭയകക്ഷി കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന 42 സിവില്‍, 266 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 308 ഇന്ത്യന്‍ തടവുകാരുടെ പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷന് പാകിസ്ഥാന്‍ ശനിയാഴ്ച കൈമാറിയതായി റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കോണ്‍സുലാര്‍ ആക്സസ് സംബന്ധിച്ച 2008-ലെ കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് ഫോറിന്‍ ഓഫീസ് (എഫ്ഒ) പ്രസ്താവനയില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ 308 ഇന്ത്യന്‍ തടവുകാരുടെ (42 സിവിലിയന്‍ തടവുകാരും 266 മത്സ്യത്തൊഴിലാളികളും) ഒരു പട്ടിക പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയതായി എഫ്ഒ പറഞ്ഞു. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാകിസ്ഥാന്‍ തടവുകാരുടെ പട്ടിക ഇന്ത്യാ ഗവണ്‍മെന്റ് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടിക പ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ ആകെ 417 പാക്കിസ്ഥാനികളുണ്ട്, അവരില്‍ 343 പേര്‍ സിവിലിയന്‍ തടവുകാരും 74 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. അതത് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ സിവിലിയന്‍ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും വിട്ടയക്കാനും തിരിച്ചയക്കാനും ഇസ്ലാമാബാദ് ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടു.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാനും ഇന്ത്യയും മത്സ്യത്തൊഴിലാളികളെ പതിവായി അറസ്റ്റുചെയ്യാറുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സിവിലിയന്‍ തടവുകാരുടെയും മത്സ്യത്തൊഴിലാളികളെന്ന് വിശ്വസിക്കപ്പെടുന്നവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുകയും അവരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.