വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിലിടപെടുന്നില്ല എന്ന് രമേശ് ചെന്നിത്തല

Breaking Kerala

തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്. പച്ചക്കറികളുടെ വിലക്കയറ്റം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 20 രൂപയുടെ തക്കാളി 100 കടന്നു ഇഞ്ചിയുടെ വില വാണം പോലെ കുതിക്കുകയാണ് ഉപ്പിന് മുതൽ കർപ്പൂരത്തിന് വരെ നാട്ടിൽ തീവിലയാണ് എങ്കിലും സർക്കാരിൻ്റെ ധൂർത്തിന് ഒരു കുറവുമില്ല

ലോക കേരള സഭയ്ക്ക് വ്യാപകമായി പിരിക്കുകയും വിദേശ മലയാളികൾ കോടികൾ സംഭാവനയായി നൽകുകയും ചെയ്തിട്ടും ഖജനാവിൽ നിന്ന് കോടികൾ നൽകിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.

പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അവശ്യ സാധനങ്ങളുടെ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്. സര്‍ക്കാരിന്റെ കെടു കാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ല.ഈ യാത്ര രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ഉല്ലാസയാത്രയാണ്. സർക്കാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

സർക്കാർ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *