ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു

റോമി കുര്യാക്കോസ്

ലണ്ടൻ: ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ സംഗമം. ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നതോടെ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ വേദി പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് വിദേശമണ്ണിൽനിന്നുള്ള ഐക്യദാർഢ്യം ശക്തമായി പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിഷേധം.

ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തി. ഡൽഹിയിൽ ഉയർന്ന പ്രതിഷേധത്തിന്റെ സന്ദേശം അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിലും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും സംഗമം ശ്രദ്ധേയമായി.

വിദേശരാജ്യങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ശ്രദ്ധേയമായ പ്രതിഷേധങ്ങളിലൊന്നായി മാറിയ സംഗമം, ഇന്ത്യയിലെ ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവാസി സമൂഹത്തിനുള്ള താൽപര്യവും ഇടപെടലും വിളിച്ചോതുന്നതായി.

പ്രതിഷേധ സംഗമം ഐഒസി (യു കെ) കേരള ചാപ്റ്റർ ലണ്ടൻ ഏരിയ പ്രസിഡന്റ് സുജു കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു. ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പ ഗഫൂർ സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, അശ്വതി നായർ, ജനറൽ സെക്രട്ടറിമാരായ റോമി കുര്യാക്കോസ്, അഷ്‌റഫ് അബ്ദുള്ള, അജിത് വെൺമണി, സെക്രട്ടറി റോണി, ഐഒസി (യു കെ) ദേശീയ വക്താവ് അജിത് മുതയിൽ, ജോസ് കൊച്ചുപുരയ്ക്കൽ, അവിനാശ് ഷിൻഡെ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി സംസാരിച്ചു. കേരള ചാപ്റ്റർ ട്രഷറർ ബിജു വർഗീസ് നന്ദി രേഖപ്പെടുത്തി.

യു കെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ കേരള ചാപ്റ്റർ നേതാക്കളായ അജി ജോർജ്, ഷാജി ആനന്ദ്, രാജൻ പടിയിൽ, ജവാഹർലാൽ, അഷ്‌റഫ്, ബേബി ലൂക്കോസ്, ഷൈജൻ ജോസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഐഒസി (യു കെ) യുവജന വിഭാഗവും പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കുശേഷം നടന്ന പ്രതിഷേധ സംഗമത്തിലും ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെയും യുവജന വിഭാഗത്തിന്റെയും പ്രവർത്തകർ പങ്കുചേർന്ന് ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജനാധിപത്യ സംരക്ഷണം കേവലം രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പൊതുബാധ്യതയാണെന്നും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രവാസി മലയാളികളുടെ ശബ്ദം ലണ്ടനിൽ ശക്തമായി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *