പീരുമേട് സി.പി.ഐയിൽ വീണ്ടും രാജി; പ്രധാന നേതാക്കൾ ആർ.എസ്.പിയിൽ ചേർന്നു

പീരുമേട് :സി.പി.ഐക്ക് പീരുമേട്ടിൽ വീണ്ടും തിരിച്ചടി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. രാജു, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ തോമസ് ആൻ്റണി എന്നിവർ പാർട്ടി അംഗത്വം രാജിവച്ച് ആർ.എസ്.പിയിൽ ചേർന്നു. സി.പി.ഐ കർഷക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് പി. രാജു.

നേതൃത്വത്തിന്റെ വിഭാഗീയതയും സ്ഥാനാർത്ഥി നിർണയത്തിലെ ഗുരുതരമായ അപാകതകളും സ്വജനപക്ഷപാതിത്വവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയസാധ്യത നോക്കാതെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റിയത് തിരഞ്ഞെടുപ്പുകളിൽ വൻ പരാജയത്തിനിടയാക്കിയെന്നും കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തന പാരമ്പര്യമുള്ളവരെ ഒഴിവാക്കി നേതൃത്വം സ്വേച്ഛാധിപത്യപരമായി പെരുമാറുന്നുവെന്നും ഇവർ ആരോപിച്ചു.

പീരുമേട്, വണ്ടിപ്പെരിയാർ, കുമളി പഞ്ചായത്തുകളിൽ നിന്നായി നൂറിലധികം പ്രവർത്തകർ തങ്ങളോടൊപ്പം ആർ.എസ്.പിയിൽ ചേരുമെന്ന് ഇവർ അറിയിച്ചു. നേരത്തെ സമാനമായ പ്രതിഷേധങ്ങളെ തുടർന്ന് 50-ഓളം പേർ പാർട്ടി വിട്ടിരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയുടെയും അനുയായികളുടെയും പ്രവർത്തനശൈലിയിൽ മനംനൊന്ത് കൂടുതൽ പ്രവർത്തകർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നും പീരുമേട്ടിൽ ആർ.എസ്.പിയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *