ഡൽഹി വിദ്യാർത്ഥികൾ തിങ്ങി പാർക്കുന്ന സത്യനികേതൻ അടക്കം അപകടാവസ്ഥയിലുള്ള ഡൽഹിയിലെ കെട്ടിടങ്ങൾക്കെതിരെ മുനിസിപ്പൽ കോർപ്പറേഷൻ നടപടികളിലേയ്ക്ക്. ഇവിടെ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തിയ 51 ജീർണ്ണിച്ച കെട്ടിടങ്ങളിൽ 27 എണ്ണം ഇന്ന് പൊളിച്ചുനീക്കും. സമീപകാലത്തുണ്ടായ കെട്ടിട അപകടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി എംസിഡി അതിവേഗ നടപടികളിലേക്ക് കടന്നത്. നോട്ടീസ് നൽകിയിട്ടും മാനദണ്ഡങ്ങൾ പാലിക്കാത്തതും നിർമ്മാണത്തിൽ വലിയ അപകതകൾ കണ്ടെത്തിയതുമായ കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നത്. പ്രദേശത്തെ അനധികൃത നിർമ്മാണങ്ങളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന പിജി ഹോസ്റ്റലുകളും എംസിഡി ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള ഈ പ്രദേശത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് താമസിക്കുന്നത് എന്നതിനാൽ കടുത്ത ജാഗ്രതയോടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെയും അഗ്നിശമന സേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മറ്റു കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പൂർണ്ണമായി ഒഴിപ്പിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെയും സുരക്ഷ ഉറപ്പാക്കാത്ത കെട്ടിട ഉടമകൾക്കെതിരെയും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ കോർപ്പറേഷനധികൃതർ പരിശോധന കൂടുതൽ കർശനമാക്കി
