കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാറുടമയായ ജഡ്ജിയുടെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ ഏഴ് മണിക്കൂർ നീണ്ട പരിശോധന. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രി 10 മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ മൂന്ന് മണി വരെയാണ് നീണ്ടത്. ഹൈക്കോടതി നിർദേശപ്രകാരമാണ് പരിശോധന.
ഫ്ലാറ്റിൽ നിന്ന് എട്ടര ലക്ഷം വിലവരുന്ന ആഡംബര ഇരുചക്ര വാഹനവും ഡിജിറ്റൽ ഉപകരണങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഉപയോഗിച്ചിരുന്നത് 17-കാരനായ മകനാണെന്നാണ് പൊലീസ് പറയുന്നത്. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
അതിനിടെ കേസിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരായ നടപടിയിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം തൃപ്തി അറിയിച്ചു. സ്റ്റേഷന് മുന്നിൽ നടത്തിയിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ജഡ്ജിക്കെതിരായ തുടർനടപടികളിൽ തീരുമാനം വരേണ്ടത് കോടതിയിൽ നിന്നാണെന്ന് പൊലീസ് കുടുംബത്തെ അറിയിച്ചിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ജഡ്ജി റിനോ ഫ്രാൻസിസിനെ സർവീസിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
