കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ ദേശീയപാതയിൽ ബാക്കിയായത് എട്ട് ചെറുപ്പക്കാരുടെ ചോരകിനിയുന്ന ചിരികളും തീരാക്കണ്ണീരുമാണ്. ഒരുമിച്ചു പഠിച്ച ക്ലാസ് മുറികളിലെ സ്വപ്നങ്ങൾ ബാക്കിവെച്ച്, തമിഴ്നാട് ദിണ്ടിഗൽ പി.എസ്.എൻ.എ കോളേജിലെ എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ ഒരു നിമിഷാർദ്ധത്തിൽ മരണത്തിലേക്ക് മാഞ്ഞുപോയി. വിശ്വം, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ചിത്ത്, ജോഷ്വാ, മുരളി, ജീവ… അങ്ങനെ ചിറകറ്റുപോയത് എട്ട് കുരുന്നുകളുടെ ജീവിതമാണ്. സുഹൃത്തായ സന്തോഷ് കഷ്ടപ്പെട്ട് സ്വന്തമാക്കിയ പുതിയ കാർ കൂട്ടുകാർക്ക് കാട്ടിക്കൊടുക്കാനും, ആ സൗഹൃദം ആഘോഷമാക്കാനുമായിരുന്നു അവർ ഒരുമിച്ചിറങ്ങിയത്. കോയമ്പത്തൂരിലേക്ക് ഒരു ചെറിയ യാത്ര പോയി വരാമെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ആ മക്കൾ, വഴിമധ്യേ ആഹ്ലാദത്തോടെ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോഴും അവരുടെ സോഷ്യൽ മീഡിയയിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഒരുമിച്ചുള്ള ആ ചിരി അവസാനിച്ചത് ചിതറിപ്പോയ സ്വപ്നങ്ങളിലേക്കും, എട്ട് കുടുംബങ്ങളുടെ നെഞ്ചുപൊട്ടുന്ന നിലവിളിയിലേക്കുമായിരുന്നു.ആഹ്ലാദത്തിമിർപ്പിൽ പെയ്തൊഴിഞ്ഞ ആ സൗഹൃദത്തിന് മുന്നിലേക്ക് മരണക്കെണിയായത് ദേശീയപാതയിലെ അനാസ്ഥയും കടുത്ത നിയമലംഘനങ്ങളുമാണ്. റോഡരികിൽ ഒരു തുണ്ട് വെളിച്ചമോ അപായസൂചനയോ റിഫ്ലക്ടറുകളോ പോലുമില്ലാതെ, നിർമ്മാണ സാമഗ്രികളുമായി വന്ന് ഇരുട്ടിന്റെ മറവിൽ നിർത്തിയിട്ടിരുന്ന ഒരു ലോറി. ആറുവരിപ്പാതയുടെ പണി നടക്കുന്നിടത്തെ കൂരിരുട്ടിൽ വഴി തെളിക്കാൻ പോന്നൊരു തെരുവ് വിളക്കുപോലുമില്ലാത്ത അവസ്ഥ. മുന്നിൽ കാത്തിരുന്ന ആ ഇരുമ്പുതടസ്സം തിരിച്ചറിയാനാവാതെ, വേഗതയിലോടിയ ആ കാർ ലോറിയുടെ അടിത്തട്ടിലേക്ക് പൂർണ്ണമായും അമർന്നുപോയി.ഇടിയുടെ ഭീകര ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും കണ്ണുകൾ നിറഞ്ഞുപോയ കാഴ്ചയായിരുന്നു പിന്നീട് അവിടെ കണ്ടത്. പൂർണ്ണമായും തകർന്നുപോയ കാറിന്റെ അവശിഷ്ടങ്ങൾ മണിക്കൂറുകളോളം കട്ടറുകൾ കൊണ്ട് അറുത്തുമാറ്റിയാണ് വിറങ്ങലിച്ച ആ ചെറുപ്പക്കാരുടെ ശരീരങ്ങൾ ഓരോന്നായി പുറത്തെടുത്തത്. പോക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കോളേജ് തിരിച്ചറിയൽ കാർഡുകൾ മാത്രമായിരുന്നു അവരുടെ ജീവനില്ലാത്ത ശരീരങ്ങൾക്ക് നൽകാനുണ്ടായിരുന്ന വിലാസം.അപകടത്തെക്കുറിച്ച് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. നിർമ്മാണ സ്ഥലത്തെ ഭീകരമായ സുരക്ഷാവീഴ്ചയിൽ ജില്ലാ കളക്ടറും വിശദീകരണം തേടിയിട്ടുണ്ട്. അധികൃതരുടെ പഴുതടച്ച ന്യായീകരണങ്ങളും അന്വേഷണ റിപ്പോർട്ടുകളും എത്രയോ വരാനിരിക്കുന്നു. പക്ഷേ, കാത്തിരുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും കരൾ പറിച്ചുകൊണ്ട് പോയ ആ എട്ട് ജീവനുകൾക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത് ഈ വഴിയോരങ്ങളിൽ ആവർത്തിക്കപ്പെടുന്ന കൊടും അനാസ്ഥ തന്നെയാണ്
ക്ലാസ് മുറികളിൽ പങ്ക് വച്ച സ്വപ്നങ്ങൾ ബാക്കിവെച്ച് അവർ എന്നേയ്ക്കും പിരിഞ്ഞു
