മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിൽ നഴ്സുമാരായ സിജു- മോളി ദമ്പതികളുടെ മകളാണ് അലേന.
മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.18 വർഷമായി കുടുംബം ഒമാനിൽ താമസിച്ചുവരികയാണ്. അലേനയുടെ സഹോദരൻ ആൽവിൻ ആസ്ത്രേലിയയിൽ വിദ്യാർഥിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
