ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസിന് തുടക്കം

കൊച്ചി: മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസ് ആരംഭിച്ചു. സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ടി.ജെ. വിനോദ് എം.എൽ.എയും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കും ചേർന്ന് നിർവ്വഹിച്ചു.

ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡും വൺഡി യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആദ്യഘട്ടമായി 40 സീറ്റുകൾ വീതമുള്ള ആറ് എയർകണ്ടീഷണർ ബസുകളാണ് സർവീസിനായി രംഗത്തിറക്കുന്നത്.
ആസ്റ്റർ മെഡ്‌സിറ്റിയുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും ഒരുപോലെ ഈ യാത്രാസൗകര്യം ഉപയോഗപ്പെടുത്താം. തിങ്കൾ മുതൽ ശനി വരെ ചേരാനല്ലൂർ, ഇടപ്പള്ളി, കളമശ്ശേരി, വൈറ്റില, നോർത്ത് പറവൂർ എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആസ്റ്ററിൽ നിന്ന് മെട്രോ, ബസ് സ്റ്റേഷനുകളിലേക്ക് എല്ലാ 20 മിനിറ്റ് കൂടുമ്പോഴും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘വൺഡി’ ഇൻ്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ഫീഡർ സർവീസിന്റെ പ്രവർത്തനം. ആസ്റ്റർ ക്യാമ്പസിലും ബസുകൾക്കുള്ളിലും സ്ഥാപിച്ചിട്ടുള്ള സ്ക്രീനുകൾ വഴി ബസ് വരവും പോക്കും സംബന്ധിച്ച തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് അറിയാൻ സാധിക്കും.

യാത്രക്കാർക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ‘വൺഡി’ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടാതെ, ഒന്നിലധികം യാത്രകൾ ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും പ്രതിവാര, പ്രതിമാസ പാസുകളും ആപ്പ് വഴി ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *