തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പൊതുഭരണ വകുപ്പിന്റെ അനുമതി. വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കാണ് സ്വന്തം വാഹനങ്ങളില്‍ ഔദ്യോഗിക നമ്പറുമായി യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ വാഹനങ്ങളില്‍ ഫ്‌ലാഗ് ബോര്‍ഡും നമ്പറും പതിച്ച് ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിയെ കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.ഇ. അബ്ദുല്‍ ഗഫൂര്‍, പി.കെ. ബഷീര്‍, കെ.എം. ഷാജി എന്നിവരുടെ അപേക്ഷകളിന്മേലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികള്‍, മറ്റ് പരിപാലന ചെലവുകള്‍ എന്നിവ പൂര്‍ണ്ണമായും മന്ത്രിമാര്‍ തന്നെ വഹിക്കേണ്ടതാണ്; ഇതിനായി സര്‍ക്കാര്‍ തുക അനുവദിക്കില്ല. മന്ത്രി നേരിട്ട് യാത്ര ചെയ്യുന്ന സമയങ്ങളില്‍ മാത്രമായിരിക്കണം സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റും ഫ്‌ലാഗ് ബോര്‍ഡും സ്ഥാപിക്കേണ്ടത്. മന്ത്രി വാഹനത്തില്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ മാറ്റേണ്ടതാണ്.
അഞ്ച് മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പൊതുഭരണ വകുപ്പിന്റെ അനുമതി.
