വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയുടെ മരണം: കീഴടങ്ങിയ എസ്‌എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

Breaking Kerala

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ മർദ്ദനത്തെയും ആള്‍ക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.

ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *