ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിയ്ക്ക് ഒറ്റവരിപ്പാത എന്ന നിലയിൽ പ്രാമുഖ്യം നൽകിയായിരിക്കും ആദ്യഘട്ടത്തിൽ മുന്നോട്ട് പോകുകയെന്നും വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വികസനത്തിന് വലിയ കുതിപ്പേകും വിധമായിരിക്കും ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കുകയെന്നും നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ – പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെക്കൂടി ബന്ധിപ്പിക്കുന്ന പദ്ധതിയാക്കി ഭാവിയില്‍ ഇതിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉടൻ അഭ്യര്‍ഥിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും.