കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ്സ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ 7:15നാണ് അപകടം. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി (45) യാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ കടന്ന് കളഞ്ഞു.
മകനുമൊത്ത് ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വരുകയായിരുന്നു രാജി. പുറകിൽ നിന്ന് വന്ന ബസ്സ് ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക് വീണു. തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക് പോകുന്നതിനിടെയായിരുന്നു അപകടം.