അന്വേഷണവുമായി സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഡോക്ടർ പറഞ്ഞു. ഇന്നും നാളെയും താന്‍ അവധിയിലാണെന്നും തിങ്കളാഴ്ച്ച മുതല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതി എങ്ങനെയാണ് ഇത് അന്വേഷിച്ചതെന്ന് അറിയില്ലെന്നും ഉപകരണം കാണാതായിട്ടില്ല, ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ് എന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.മോര്‍സെലേറ്റര്‍ എന്നൊരു ഉപകരണമുണ്ട്. ആ ഉപകരണം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. മാറ്റിവെച്ചിട്ടുണ്ട്. അത് ഉപയോഗിക്കാനറിയുന്ന ഡോക്ടര്‍മാര്‍ നിലവില്‍ ഞങ്ങളുടെ കൂട്ടത്തിലില്ല. ഉപകരണം മാറ്റിവെച്ചിരിക്കുകയാണ്. ഇതൊക്കെ അന്വേഷണസംഘത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. പരിചയമില്ലാത്ത ഉപകരണം വെച്ച് ഓപ്പറേഷന്‍ ചെയ്ത് രോഗികളുടെ ജീവന് പ്രശ്‌നമുണ്ടാക്കുന്നതെന്തിനാണ്? അത് ഓപ്പറേഷന്‍ തിയറ്ററില്‍ തന്നെയുണ്ട്. ഏതെങ്കിലും ഡോക്ടര്‍മാര്‍ അതിന് പരിശീലനം ചെയ്ത് വന്നാല്‍ മാത്രമേ അത് ഇനി ഉപയോഗിക്കാനാകൂ. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല്‍ നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്‍പ്പെടെ അയക്കേണ്ടിവന്നിട്ടുണ്ട്. കളക്ടറേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നും ഫോട്ടോ എടുത്തിട്ടുണ്ട് എന്ന് ഡോ.ഹാരിസ് ചിറക്കൽ.

Leave a Reply

Your email address will not be published. Required fields are marked *