ഏബിൾ സി അലക്സ്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ട ഡാവിഞ്ചി സന്തോഷിനു വലിയ ഡാവിഞ്ചിയുടെ സ്നേഹ സമ്മാനം. പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് തത്സമയം ഡാവിഞ്ചി സന്തോഷിന്റെ ചിത്രം വരച്ചു തന്റെ സ്നേഹം പ്രകടിപ്പിച്ചത്.തന്‍റെ പേര് സുരേഷ് എന്നായിരുന്നു ഇടയ്ക്ക് വെച്ച് തൂലികാ നാമമായി സ്വീകരിച്ചതാണ് ഡാവിഞ്ചിയെന്ന് കൊടുങ്ങല്ലൂരിന്റെ ഈ ചിത്രകാരൻ പറയുന്നു. എന്നാൽ ഈ കുട്ടി ചലച്ചിത്ര താരം അങ്ങനെയല്ല ഈ മകന്റെ യഥാര്‍ത്ഥ പേര് തന്നെ ഡാവിഞ്ചി എന്നാണെന്ന് സുരേഷ് വ്യക്തമാക്കി. പല്ലോട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായ ഡാവിഞ്ചി സന്തോഷ്, തന്‍റെ പ്രിയ സുഹൃത്തും നാടക സിനിമാ നടനും കൂടിയായ സതീഷിന്‍റെ ജേഷ്ടന്‍ സന്തോഷിന്‍റെ മകനാണ് .
ഡാവിഞ്ചിയെ വളരെ ചെറു പ്രായത്തിലെ മുതല്‍ താന്‍ കാണുന്നതാണ്. വളര്‍ന്നു വരുന്ന ഈ കൊച്ചു മിടുക്കന് എന്‍റെ ഒരു ചെറിയ സമ്മാനം വരച്ചു കൊടുത്തു. അത്ര മാത്രം ഡാവിഞ്ചി സുരേഷ് കൂട്ടിച്ചേർത്തു.വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ഡാവിഞ്ചിയുടെ വീട്ടില്‍ പോയി കാന്‍വാസും,കളറും കൊണ്ടുപോയി തത്സമയം തന്നെ വരച്ചു കൊടുക്കുകയായിരുന്നു വരകളിലൂടെയും, ശിൽപ്പ നിർമ്മാണങ്ങളിലൂടെയും ജനമനസ് കീഴടക്കിയ ഡാവിഞ്ചി സുരേഷ്. പല്ലോട്ടി സിനിമയിലെ അണിയറ പ്രവര്‍ത്തകരും വലിയ ഡാവിഞ്ചിയുടെ വര കാണാൻ കുഞ്ഞു ഡാവിഞ്ചിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച ഉടനെ പലരുടെയും ധാരണ എന്‍റെ മകനാണ് ഈ ഡാവിഞ്ചിയെന്നും, നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നതെന്നും സുരേഷ് പറഞ്ഞു.