സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹതയുള്ളവര്‍ ആരാണോ അവര്‍ക്ക് കിറ്റ് നല്‍കും. ഓണക്കിറ്റ് ആര്‍ക്കൊക്കെ നല്‍കണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ സപ്ലൈകോയുടെ വിവിധ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കി ക്കൊണ്ടിരിക്കുകയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ ഉള്ളതിന്റെ കണക്ക് തന്റെ കൈവശം ഉണ്ട്. മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി അനില്‍ പറഞ്ഞു. ഇത്തവണ ഓണത്തിന് യാതൊരു തരത്തിലുള്ള കുറവുകളുമുണ്ടാകില്ല. ഇക്കാര്യത്തിൽ ഒരാശങ്കയും വേണ്ട. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മാനദണ്ഡം അനുസരിച്ചുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് ഓണത്തിന് മുമ്പ്തന്നെ കൊടുത്തിരിക്കും. അതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാണ് സപ്ലൈകോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.