കടുത്തുരുത്തി: യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്ത കീഴൂർ സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിൽ നിന്നും സിപിഎമ്മിലേക്ക് മാറിയ ഒരംഗത്തെയും, മാണി ഗ്രൂപ്പിൽ നിന്നും ഒരംഗത്തെയും തിരിച്ചു പിടിച്ചാണ് ഭരണം നേടിയത്. പതിമൂന്നംഗ ഭരണസമിതിയിൽ കോൺഗ്രസ് 7, കേരളാ കോൺഗ്രസ് ജോസഫ് 2, മാണി 4 എന്നിങ്ങനെയായിരുന്നു ആദ്യത്തെ കക്ഷി നില.
സംസ്ഥാനത്തെ മുന്നണി ബന്ധം മാറിയതോടെ കോൺഗ്രസിലെ 3 പേരും കേരള കോൺഗ്രസിലെ ഒരാളും എൽഡിഎഫിൽ ചേർന്ന് ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം സിപിഎമ്മിലേക്ക് വന്ന മോഹൻദാസിനെ പ്രസിഡൻ്റാക്കാനായി ഇന്നലെ ചേർന്ന യോഗത്തിലെ മത്സരത്തിലാണ് കോൺഗ്രസിലേക്ക് വന്ന ലിസ്റ്റി ജോയിസ് പ്രസിഡൻ്റായത്. എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും രണ്ട് തവണ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് നോട്ടിസ് നൽകിയെങ്കിലും ക്വാറം തികയാതെ യോഗം ചേരാൻ കഴിയാതെ വരികയായിരുന്നു.