ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനം: ആ​ഗസ്റ്റ് 1 മുതല്‍ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്

Breaking Kerala

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്.

ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലില്‍ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവ് നടത്തുകയാണ്. ഈ പ്രത്യേക ഡ്രൈവിലൂടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളെ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതാണ്. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. വളരെ ചെറിയ കച്ചവടക്കാര്‍ മാത്രമേ രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന് വേണ്ടി വളരെ നാമമാത്രമായ രേഖകള്‍ മാത്രമാണ് സമര്‍പ്പിയ്‌ക്കേണ്ടത്. ലൈസന്‍സ് ലഭിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സുതാര്യമായതും എളുപ്പത്തില്‍ നേടിയെടുക്കാവുന്നതുമാണ്. ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത് അവരുടെ തന്നെ ഉപയോഗത്തിലുള്ള ടെലഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസവുമാണ് നല്‍കേണ്ടത്. കാരണം ലൈസന്‍സ് സംബന്ധിച്ച നര്‍ദ്ദേശങ്ങള്‍, ടൈം ലൈനുകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം തന്നെ ലൈസന്‍സ് അപേക്ഷയില്‍ നില്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേയ്ക്കും, ഇ-മെയില്‍ വിലാസത്തിലേയ്ക്കും മെസേജായി വിവിധ സമയങ്ങളില്‍ അറിയിക്കുന്നതാണ്.

ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരില്‍ രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ലൈസന്‍സിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഫോസ്‌കോസ് ഡ്രൈവ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി രണ്ടു ദിവസമായി നടത്താന്‍ ഉദ്ദേശിക്കുന്നത്. ലൈസന്‍സുകള്‍ നേടുന്ന കാര്യത്തില്‍ വ്യാപാരികളെയും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരെയും സഹായിക്കുന്നതിനു വേണ്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ് മേളകള്‍ എല്ലാ ജില്ലകളിലും നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *