വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ഹൈവോൾട്ടേജ് പ്രചാരണത്തിനൊടുവിലാണ് വയനാടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിച്ച് പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എൽ.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.
ചേലക്കരയിൽ യു.ആർ. പ്രദീപ് (എൽ.ഡി.എഫ്), രമ്യ ഹരിദാസ് (യു.ഡി.എഫ്), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളും 1.01 ലക്ഷം പുരുഷ വോട്ടർമാരുമാണുള്ളത്. ചേലക്കരയിൽ 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.