വീണ്ടും കേരളത്തിൽ നിപ്പ ആശങ്ക  

Kerala

സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക ഉണ്ടായിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറത്തെ പതിനാലുകാരൻ മരിച്ചതോടെയാണ് വീണ്ടും ആശങ്ക വർധിച്ചിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് നിപ വൈറൽ ബാധ ഉണ്ടായത് വിനോദയാത്ര പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്നാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിക്കുന്നത്. പതിനാലുകാരന്റെ മരണത്തോടെ ഇതുവരെ 21 പേരാണ് നിപ ബാധിതരായി സംസ്ഥാനത്ത് മരണപ്പെട്ടിട്ടുള്ളത്. ആദ്യ തവണ 17 പേരാണ് നിപ വൈറസ് ബാധിച്ച് മരിച്ചത്. പിന്നീട് 2021ൽ 12കാരനും 2023ൽ ഓ​ഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് തവണയും കോഴിക്കോടിനെ പിടിച്ചുലച്ചു. 2019 ജൂണിൽ എറണാകുളത്ത് എൻജി.വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. അതേസമയം, അഞ്ചാം തവണ നിപ സ്ഥിരീകരിക്കുമ്പോഴും മൂലകാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ നിപ സ്ഥിരീകരിച്ച 14 കാരനെ വിവിധ ആശുപത്രികളിലായി 10 ദിവസം ചികില്‍സിച്ചിട്ടും രോഗം തിരിച്ചറിയാതിരുന്നത് താഴേത്തട്ടിലുളള പ്രതിരോധ സംവിധാനങ്ങളുടെ ദുര്‍ബലത കൂടി വെളിപ്പെടുത്തുന്നതാണ്. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലബാർ മേഖലയിൽ വവ്വാലുകളെ നിരീക്ഷണ വിധേയമാക്കണമെന്ന നിർദേശവും ഇതുവരെയും നടപ്പിലായിട്ടില്ല. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുളള കാരണങ്ങളും പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയും ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും വേണ്ടത്ര പഠനങ്ങൾ നടത്തി നിപയെ ചെറുക്കുവാൻ തയ്യാറായില്ലെങ്കിൽ നൽകേണ്ടി വരുന്ന വില വളരെ വലുതാകും.

എന്താണ് നിപ..?, എങ്ങനെ പ്രതിരോധിക്കാം…?

സംസ്ഥാനത്തെ വീണ്ടും നിപ ആശങ്കയിലാക്കിയിരിക്കുകയാണ്. നിപാരോഗം എന്താണെന്നും അതിന്റെ സാധ്യതകളും ലക്ഷണങ്ങളും പരിശോധിക്കാം.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇത് ആര്‍എന്‍എ വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. രോ​ഗബാധിതരെ പരിചരിക്കുന്നവർക്കും രോ​ഗം ബാധിക്കാൻ സാധ്യതയേറെയാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകരാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിക്കും. രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാമെന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ എടുത്തേക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍ ടി പി സി ആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധയുള്ള വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീർ എന്നിവ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. നിപ വൈറസിനെ പ്രതിരോധിക്കാൻ കൃത്യമായ മരുന്നില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ് രോഗത്തെ അകറ്റി നിർത്തുവാനുള്ള ഏക മാർഗം.

Leave a Reply

Your email address will not be published. Required fields are marked *