യുഎസ് ഡോളറിനെ ഘട്ടംഘട്ടമായി പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തു. ആഭ്യന്തര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് സ്വയംപര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് രാജ്യത്തിന്റെ അസ്തിത്വത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ ഒരു കാരണവശാലും രാജ്യം കീഴടങ്ങരുതെന്നും, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കൂടുതൽ കരുത്തുറ്റ ഇറാനെ വാർത്തെടുക്കാനുള്ള സന്ദേശം അദ്ദേഹം പങ്കുവെച്ചത്. രാജ്യത്തെ നാണയപ്പെരുപ്പം, തൊഴില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ നിയന്ത്രിക്കാൻ കൃത്യമായ പദ്ധതികൾ നടപ്പിലാക്കണമെന്നും പുതിയ നിക്ഷേപങ്ങൾ ആകർഷിച്ച് ഉത്പാദനക്ഷമമായ മേഖലകളിലേക്ക് തിരിച്ചുവിടണമെന്നും അദ്ദേഹം ഭരണകൂടത്തോട് നിർദ്ദേശിച്ചു. ആഭ്യന്തര ഉത്പാദനം തികയാതെ വരുന്ന മേഖലകളിൽ മാത്രമായി ഇറക്കുമതി പരിമിതപ്പെടുത്തുന്നത് ബുദ്ധിപരമായിരിക്കും ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഞെരുക്കാൻ ലക്ഷ്യമിട്ട് യുഎസ് പുതിയ സാമ്പത്തിക ഉപരോധങ്ങളുമായി നീങ്ങുന്ന നിർണ്ണായക ഘട്ടത്തിലാണ് ശക്തമായ പ്രതിരോധ സന്ദേശവുമായി പരമോന്നത നേതാവ് രംഗത്തെത്തിയിരിക്കുന്നത്.