ചില്ലറ പോക്കറ്റിൽ തപ്പേണ്ട; ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സി

Breaking Kerala

കൊച്ചി: ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് മിക്കവാറും എല്ലാ ജില്ലകളിലും തുടക്കമാകും. സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെയാകും കാർഡ് പുറത്തിറക്കുക. കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാർത്ഥം തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ചലോ ട്രാവൽ കാർഡ് വിജയകരമായതോടെയാണ് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ചലോ മൊബിലിറ്റി സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള പരിശീലനം നടന്നുവരികയാണ്. കാർഡിൽ പണം റീച്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് വിവിധ ഓഫറുകളും ലഭിക്കും. പുതിയ ടിക്കറ്റ് മെഷീനുകൾ ഉപയോഗിച്ച് കാർഡ് നമ്പർ നൽകിയോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ ബാലൻസ് പരിശോധിക്കാം. ദീർഘദൂര സർവീസുകളിലുൾപ്പെടെ കാർഡ് ഉപയോഗിക്കാനാകും. എല്ലാ പ്രധാന ഡിപ്പോകളിലും കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള മെഷീനുകൾ, സെർവർ, ആവശ്യമായ പേപ്പറുകൾ, നാല് കമ്പ്യൂട്ടറുകൾ എന്നിവ കരാർ കമ്പനി നൽകും. ചലോ ട്രാവൽ കാർഡ് വഴിയുള്ള ഒരു ടിക്കറ്റിന് കെ.എസ്.ആർ.ടി.സി കമ്പനിക്ക് 13 പൈസ നൽകണമെന്നാണ് കരാർ. മെഷീനുകളുടെ വാർഷിക അറ്റകുറ്റപ്പണി, ഡാറ്റ അനലറ്റിക്സ് ഉൾപ്പെടെയുള്ള ചെലവുകൾ കരാർ കമ്പനിയാണ് വഹിക്കുക.

മുൻകൂർ ടിക്കറ്റ് ഓണത്തിന്

• ചലോ ട്രാവൽ കാർഡിന് പുറമേ ചലോ ട്രാവൽ ആപ്പും ഓണത്തിന്

• മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

• കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ, ബസ് ലൈവ് ട്രാക്കിംഗ്, സീറ്റ് ലഭ്യത എന്നിവ ആപ്പിലൂടെ അറിയാം

• തുടക്കത്തിൽ 100 രൂപയുടെ കാർഡിന് 150 രൂപ ലഭിക്കും

• 250 രൂപയ്‌ക്കോ അതിന് മുകളിലോ ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം

കാർഡ് കാലാവധി – 01 വർഷം

പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ പങ്കെടുത്ത യോഗത്തിൽ ചലോ ട്രാവൽ കാർഡുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായിട്ട് ഓണത്തിന് ചലോ ട്രാവൽ കാർഡ് പുറത്തിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *