20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ.
എസ് യു വെങ്കിടേശന്റെ വേല്‍പാരി നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ ഈ മൂവര്‍ കൂട്ടുകെട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോർട്ട് ശരിയാണെങ്കില്‍, മുമ്പ് അന്യൻ, ‘ഐ’ തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങള്‍ നല്കിയ ശങ്കറും വിക്രമും തമ്മിലുള്ള മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മറുവശത്ത് സൂര്യയെ സംബന്ധിച്ചിടത്തോളം, സൂപ്പര്‍ സംവിധായകനുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രോജക്റ്റായിരിക്കും.2003ല്‍ പുറത്തിറങ്ങിയ ബാലയുടെ നിരൂപക പ്രശംസ നേടിയ പിതാമഗനില്‍ ആയിരുന്നു സൂര്യയും വിക്രമും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ശങ്കര്‍ ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ഗെയിം ചേഞ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. രാം ചരണ്‍ തേജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തും.