ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് പ്രത്യേക കോടതി രണ്ട് ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുഡയുടെ കണ്ണായ ഭൂമികള്‍ അനുവദിച്ചെന്ന ആരോപണത്തിലാണ് കേസ്.
സിദ്ധരാമയ്യയെ ഒന്നാം പ്രതിയായും ഭാര്യ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, ഭൂവുടമ ദേവരാജ് എന്നിവരെ മറ്റ് പ്രതികളായും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി മൈസൂരു വികസന സമിതി ഏറ്റെടുക്കുകയും പകരം ഉയര്‍ന്ന മൂല്യമുള്ള പ്ലോട്ടുകള്‍ അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ അനധികൃത നഷ്ടപരിഹാര ഭൂമി ഇടപാടില്‍ നിന്ന് സിദ്ധരാമയ്യയും ഭാര്യ പാര്‍വതിയും നേട്ടമുണ്ടാക്കിയെന്നും 4,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നു.ഓഗസ്റ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു. ഈ മാസം ആദ്യം കര്‍ണാടക ഹൈക്കോടതി ഗവര്‍ണറുടെ അനുമതി ശരിവെച്ചു. തുടര്‍ന്ന്, ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ക്കായുള്ള പ്രത്യേക കോടതി, വിവരാവകാശ പ്രവര്‍ത്തക സ്നേഹമയി കൃഷ്ണ നല്കിയ പരാതി അന്വേഷിക്കാന്‍ ലോകായുക്തയോട് നിര്‍ദ്ദേശിച്ചു.